സത്യ വിശ്വാസികൾ! ഭാഗം -06
"അല്ലാഹു നിങ്ങളെ സഹായിക്കുന്ന പക്ഷം നിങ്ങളെ അതിജയിക്കുന്ന ആരും ഉണ്ടാവില്ല. അവൻ നിങ്ങളെ കയ്യൊഴിയുന്നതായാൽ അവനു പുറമേ നിങ്ങളെ സഹായിക്കാൻ മറ്റാരുണ്ടായിരിക്കും?( അതുകൊണ്ട് ) സത്യവിശ്വാസികൾ അല്ലാഹുവിങ്കൽ ഭരമേൽപിക്കട്ടെ! "(03:161)"
എന്നാൽ അവരിൽ നിന്നും ദിവ്യ ജ്ഞാനത്തിൽ അടിയുറച്ചവരും വിശ്വാസികളും നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക്മുൻപ് അവതരിപ്പിക്കപ്പെട്ടതിലും അവർ വിശ്വസിക്കുന്നു. നമസ്കാരം മുറപ്രകാരം അനുഷ്ടിക്കുന്നവരും സക്കാത്ത് നൽകുന്നവരും അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവരും ആരോ അവർക്ക് നാം തീർച്ചയായും മഹത്തായ പ്രതിഫലം നൽകുന്നതാണ്. "(04:163)
മാനവ ശുദ്ധീകരണം എങ്ങനെ? പ്രപഞ്ച സൃഷ്ടാവ്,മാനവ സൃഷ്ടാവ് മനുഷ്യരെ നേർവഴിയിൽ നയിക്കുവാൻ പ്രവാചകന്മാരെ നിയോഗിച്ചവൻ, ഇതാ ഈ നൂറ്റാണ്ടിലും മാനവ രക്ഷക്കായി ഒരു നിയോഗിതനെ, നിയോഗിച്ചിരിക്കുന്നു. മാനവ കുല വഴികാട്ടിയായ,കാരുണ്യത്തിന്റെ പ്രവാചകനായ, മനുഷ്യവംശ വിമോചകനായ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രതിനിധിയായി, ഈ നൂറ്റാണ്ടിലേക്ക് ഇതാ ദൈവ നിയോഗിതൻ ആഗത നായിരിക്കുന്നു. ഒരു കൈയിൽ വിശുദ്ധഖുർആനും മറുകയ്യിൽ വിശുദ്ധ സുന്നത്തുമായി, മാനവകുലത്തിന് വെളിച്ചം പകർന്നു നൽകുവാൻ, മാനവകുലം ദൈവത്തിന്റെ കുടുംബം ആണെന്നും, മനുഷ്യരെല്ലാം അവന്റെ സൃഷ്ടികൾ ആണെന്നും, മാനവർക്കെല്ലാം ഒരേഒരു ദൈവമാണെന്നും, അവനി ലേക്കാണ്നാമെല്ലാം യാത്ര ചെയ്തുകൊണ്ടിരിക്കുന്നതെന്നുമുള്ള സത്യമായ കാര്യം ഉണർ ത്തുന്നതിനായി ഇതാ വന്നിരിക്കുന്നു. ദിവ്യ ജ്ഞാനത്തിൽ അടിയുറച്ചവർ ക്ക് കാര്യം എളുപ്പമാണെങ്കിലും തമസ്സിൽ അകപ്പെട്ടുപോയവർക്ക് വെളിച്ചം കാണുവാൻ പ്രയാസകരം തന്നെ! തിമിര ശസ്ത്രക്രിയ നടത്തി കാഴ്ച ലഭ്യമാക്കുന്നത് പോലെ, സത്യവിശ്വാസികളായ ആത്മീയ ഡോക്ടർമാരെ പരിശീലിപ്പിച്ചെ ടുക്കുന്നതിനായി, ഇതാ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയെ അല്ലാഹുതആല പുനരവതരിപ്പിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നേടിയ ശേഷം ആത്മീയ ഭിഷഗ്വരൻ മാരെ ലോകമെങ്ങും വിന്യസിച്ചു മാനവ സഹോദരങ്ങൾക്ക് ആത്മീയ ചികിത്സ നടത്തി, നാം ഒന്നാണെന്നും നമ്മുടെ ദൈവം ഒന്നാണെന്നും, നമുക്കിടയിൽ ഒരു ഭിന്നതയും പാടില്ല എന്നുമുള്ള ആത്മീയ തിമിരശസ്ത്രക്രിയ നടത്തുന്ന തിന്നായി കഴിവുറ്റ ഭിഷഗ്വരൻ മാരെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലോകമെങ്ങും ഉണ്ടായിക്കൊ ണ്ടിയിരിക്കുന്നു. അത്തരം കേന്ദ്രങ്ങളിൽ നിന്നും വിദഗ്ധമായ പരിശീലനം ലഭിച്ച ആത്മീയ ഡോക്ടർമാരിലൂടെയാണ് ഈ ചികിത്സ നടത്തപ്പെടുക. പരിശീലനം ലഭിക്കാത്ത വ്യാജ ഡോക്ടർമാർ നടത്തുന്ന ചികിത്സയുടെ അന്ത്യം എന്തായിരിക്കുമെന്ന് നമുക്ക് ഓരോരുത്തർക്കും മനസ്സിലാക്കാവുന്നതാണ് ! അല്ലാഹുവിൽ നിന്നു ലഭിച്ച ദിവ്യമായ ഈ ഒളിവു മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രതിനിധിയിലൂടെ ഈ നൂറ്റാണ്ടിൽ നമുക്ക് ലഭ്യമായി കൊണ്ടിരിക്കുകയാണ്. അത് ലഭിക്കുവാനായി അല്ലാഹുവിനെ അനുസരിക്കുക, അവന്റെ പ്രവാചകനെയും നിങ്ങളിൽ അധികാരപ്പെടുത്തപ്പെട്ടവരെയും അനുസരിക്കുക. അല്ലാഹുതആല അവന്റെ ഇഷ്ട വഴിയിലൂടെ നമ്മെ നടത്തട്ടെ! അതിനായി വിനയം കാണിക്കുക, ധാർഷ്ട്യം ഉപേക്ഷിക്കുക, തെറ്റ് ചെയ്ത സഹോദരന് മാപ്പു കൊടുക്കുക, തെറ്റ് ചെയ്തവൻ മാപ്പ് ചോദിക്കേണ്ടതു മാണ്!യാ റബ്ബൽ ആലമീൻ, സർവ്വാധി നാഥനായ രക്ഷകാ ഞങ്ങൾക്ക് നീ നേർവഴി കാട്ടി തന്നാലും!