ദൈവപ്രീതിക്കായി ചെലവഴിക്കുക!
"അല്ലാഹുവിന്റെ പ്രീതിയെ തേടിയും, തങ്ങളുടെ ആത്മാക്കളിൽ നിന്നുള്ള ദൃഢീകരണവുമായി, തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയാകട്ടെ ഉയർന്ന വിസ്തൃതമായ ഭൂപ്രദേശത്ത് നിലകൊള്ളുന്ന ഒരു തോട്ടത്തിനെ പോലെയാണ്. അതിന് ശക്തമായ ഒരു മഴ ലഭിച്ചു എന്നിട്ട് അത് അതിന്റെ കനി രണ്ടിരട്ടിയായി നൽകി, ഇനി അതിന് കനത്ത മഴ ലഭിച്ചില്ലെങ്കിൽ തന്നെ ഒരു ചാറ്റൽ മഴ മതിയാകുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു "(2:266)
അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും ലക്ഷ്യമാക്കിക്കൊണ്ട് അവന്റെ സന്ദേശങ്ങളിലും വാഗ്ദാനങ്ങളിലുമുള്ള വിശ്വാസത്തിന്റെ ദൃഢികരണവു മായികൊണ്ടു, സൽകർമ്മങ്ങളിൽ ധനം ചെലവഴിക്കുന്നവരുടെ ഒരു ഉപമ ഈ വചനത്തിൽ അല്ലാഹു (ത )വിവരിക്കുന്നു. സാധാരണയിൽ നിന്നും അൽപം ഉയർന്നുനിൽക്കുന്ന ഒരു പ്രദേശം അവിടെ ഒരു തോട്ടം അവിടുത്തെ വായുവും ജലവും മണ്ണും വിണ്ണും സംശുദ്ധം ആയിരിക്കും, മാലിന്യങ്ങളിൽ നിന്നും മുക്തമായി രിക്കും. ആയതിനാൽ തന്നെ അതിലെ കനികൾ പ്രത്യേക സ്വാദും ഗുണവും ഉള്ളതായിരിക്കും. കൊടുക്കുന്ന വളങ്ങൾ കൂടുതൽ പ്രയോജനകരമായിരിക്കും. ഇനി അതോടുകൂടി കൂടുതൽ മഴയും ലഭിച്ചാലൊ? മറ്റിതര തോട്ടങ്ങളിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടി ഫലം ലഭിക്കുന്നതാണ്, ഇനി മഴ ലഭിച്ചില്ലെങ്കിലും അതിൽ നിന്നും കുറെ ഫലം ലഭിക്കുക തന്നെ ചെയ്യും.
ഇങ്ങനെ തന്നെയാണ് സത്യവിശ്വാസികളുടെ ദാനധർമ്മങ്ങളും. പേരിനും പെരുമയ്ക്കും വേണ്ടിയല്ല അവർ ചെയ്യുന്നത്.ചെയ്ത ഉപകാരം എടുത്തുപറഞ്ഞു കൊണ്ടുമല്ല. അതിന്റെ പേരിൽ അവർ സ്വൈരക്കേടു ഉണ്ടാക്കുന്നവരും അല്ല. അതു കൊണ്ടുതന്നെ അവരുടെ ദാനധർമങ്ങൾ ഫലം സിദ്ധി ക്കാതിരിക്കുകയില്ല, അവരുടെ ഉദ്ദേശ്യശുദ്ധിയും വിശ്വാസ ദൃഢതയും എത്രകണ്ടു കൂടുന്നുവോ അതിനനുസരിച്ച് ആ ഫലം വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്.
ഓരോരുത്തരുടെയും പ്രവർത്തനങ്ങളും, അവരുടെ നിലപാടുകളും, അവരുടെ മനസ്ഥിതിയും, അല്ലാഹുതആല സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന കാര്യവും ഇവിടെ പ്രത്യേകമായി ഓർമ്മപ്പെടുത്തുകയാണ്.
ഇൻഷാ അല്ലാഹ്, നമുക്ക് ദൈവ വഴിയിൽ ധനം ചെലവഴിക്കാം,ദൈവപ്രീതി കരസ്ഥമാക്കാം.