അനുനിമിഷം ജാഗ്രതയിൽ ആയിരിക്കട്ടെ!
"ആകാശങ്ങളിലും ഭൂമിയിലും ഉള്ളത് എല്ലാം തന്നെ അല്ലാഹുവിനുള്ളതാകുന്നു. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു നിങ്ങളോട് അതിനെ സംബന്ധിച്ച് ചോദിക്കുക തന്നെ ചെയ്യും. പിന്നെ താൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുകയും താൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു ( അവൻ ഉദ്ദേശിക്കുന്ന ) എല്ലാ കാര്യങ്ങൾക്കും പൂർണ്ണമായും കഴിവുള്ളവനാകുന്നു "(2:285)
ആധുനികലോകം, അവിടെ ജീവിക്കുന്ന മനുഷ്യർ, മതത്തിന്റെ ആളുകൾ എന്നവകാശപ്പെടുന്നവർ പോലും, ദൈവവിശ്വാസം സദാസമയവും വെച്ചു പുലർത്തുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. അവരിൽ നിന്നും ബഹിർഗമിക്കുന്നത് ചതി, വഞ്ചന, പിന്നിൽനിന്ന് കുത്തൽ, വിശ്വാസ രാഹിത്യം, മ്ലേച്ച പ്രവർത്തി, കൊടും ക്രൂരത, ആർദ്രത ഇല്ലായ്മ, പരുഷ സ്വഭാവം, അഹന്ത, അഹംഭാവം തുടങ്ങിയ ദൈവം ഇഷ്ടപ്പെടാത്ത പ്രവർത്തികൾ ആണ്. താൻ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ദൈവം തന്നോട് ചോദിക്കുന്നതാണ് എന്ന ദൈവത്തെ കുറിച്ചുള്ള ബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. അതുകൊണ്ടുതന്നെ ദൈവവിശ്വാസികൾ എന്ന് അഭിമാനിക്കുന്നവർ പോലും ഇത്തരം പ്രവർത്തികൾ ചെയ്തുകൊണ്ടേയിരിക്കുന്നു. എന്നാൽ ഈ ദൈവീക വചനത്തിൽ പറയുന്നത് നിങ്ങളുടെ ഹൃദയങ്ങളിൽ മറച്ചു വെക്കുന്ന കാര്യങ്ങൾ പോലും അവൻ അറിയുന്നു എന്നും അത് സംബന്ധമായി പോലും അവൻ നിങ്ങളെ ചോദ്യം ചെയ്യുന്നതുമാണ്! എന്നുമാണ്. ആയതിനാൽ ഹേ! വിശ്വാസികളേ, അശ്രദ്ധരായി കഴിയുന്നവരെ, നിങ്ങൾ നിങ്ങളുടെ ഓരോ നിമിഷത്തെ കുറിച്ചും ചിന്തിക്കുക, പിന്നിടുന്ന ഓരോ നിമിഷവും ദൈവപ്രീതി കരസ്ഥമാക്കുന്നതിനായി, വാക്കും പ്രവർത്തിയും ശുദ്ധീകരിച്ചു കൊള്ളുക. ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു കൊള്ളുക. നമുക്കോരോരുത്തർക്കും നമ്മിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കാം. മാനവകുലത്തെ ദൈവം രക്ഷിക്കുവാനുള്ള ഏക വഴിയും ഇതുതന്നെ!